കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിക്കുമെന്ന് ട്രംപ്

 



വാഷിങ്ടണ്‍: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കത്തില്‍ യുഎസ് ടെക്ക് കമ്പനികള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ജൂലൈ പകുതിയോടെ അയൽരാജ്യങ്ങളുമായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ട്രംപ് ഭരണത്തിലേറിയത് മുതല്‍ കാനഡക്കെതിരെ അദ്ദേഹം രംഗത്തുണ്ട്. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. എന്നാല്‍ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സ്വന്തം വഴിനോക്കും എന്നാണ് കാനഡ വ്യക്തമാക്കുന്നത്.

"ക്ഷീരോല്‍പ്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു"- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു

Post a Comment

0 Comments