കൊച്ചി: പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുൽ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്, രാഹുല്‍ പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുൽ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കും'. വി.ഡി സതീശന്‍ പറഞ്ഞു.
'യുഡിഎഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്.ചർച്ച നടത്താൻ ഒരു ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അൻവറുമായി ചർച്ച നടത്താൻ എന്നെയാണ് ചുമതലപ്പെടുത്തിയത്.യുഡിഎഫിന്റെ അഭിമാനത്തിന്മേൽ പോറലേൽപ്പിച്ചുള്ള വിട്ടുവീഴ്ചക്കില്ല. ഒരു കോൺഗ്രസ് നേതാവും അൻവറുമായി ചർച്ച നടത്താൻ പാടില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അൻവറിനോട് രണ്ടു കാര്യമാണ് ആവശ്യപ്പെട്ടത്.തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. എങ്കിൽ ഞങ്ങൾക്കൊപ്പം വരാം.യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്റെ ഒന്‍പത് വർഷത്തെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.വി അൻവറിനെ രാത്രി വീട്ടിലെത്തി കണ്ടത് പാർട്ടി നിർദേശപ്രകാരമല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ വിശദീകരിച്ചിരുന്നു.
പിണറായിസത്തിനെതിരെ നിലപാട് എടുക്കുന്നയാൾ വൈകാരികമായി പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ടെന്നും രാഹുൽ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments