ദേശീയപാത നിർമ്മാണം; മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ സണ്ണി ജോസഫ്

 


കണ്ണൂർ: ദേശീയപാത വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം.

എൻ എച്ച് കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് സണ്ണി ജോസഫിൻ്റെ ആരോപണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തിൽ മന്ത്രിക്കും പങ്കുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷത്തെ തന്നെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നത്. ഇത് ഒരിക്കലും വിലപ്പോവില്ലെന്നും സണ്ണിജോസഫ് പറഞ്ഞു.

അതേസമയം ദേശീയപാതാ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

Post a Comment

0 Comments