കോഴിക്കോട്: വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച കോൺഗ്രസ് നിലപാടിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. കത്തോലിക്ക കോൺഗ്രസിൻ്റെ താമരശ്ശേരി രൂപതാ ഘടകമാണ് വിമർശനവുമായി രംഗത്തെത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്- വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവസരവാദ രാഷ്ട്രീയവും എന്ന തലക്കെട്ടിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് കത്തോലിക്ക കോൺഗ്രസിൻ്റെ രൂക്ഷ വിമർശനം. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനം കേരളത്തിൻ്റെ മതേതര പാരമ്പര്യത്തിന് നേർക്കുള്ള തുറന്ന വെല്ലുവിളിയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. താൽക്കാലിക നേട്ടത്തിനായി എല്ലാ മൂല്യങ്ങളെയും കൈവിടുന്നുവെന്നും തീരുമാനം വൻപ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ബാന്ധവം രാഷ്ട്രീയ ആത്മഹത്യയാണെന്നും തീവ്രവാദ പ്രീണന രാഷ്ട്രീയം ആണെന്നും കത്തോലിക്ക കോൺഗ്രസിൻ്റെ താമരശ്ശേരി രൂപതാ ഘടകം പ്രതികരിച്ചു.

0 Comments