ഇടുക്കി: കാലവര്‍ഷം തിമിര്‍ത്തു പെയ്തതോടെ ജലസമൃദ്ധമാണ് ഇടുക്കിയിലെ ഡാമുകള്‍. ഇടുക്കിയും മുല്ലപ്പെരിയാറും ഉള്‍പ്പടെയുള്ള പ്രധാന അണക്കെട്ടുകളിലും, ചെറുകിട അണക്കെട്ടുകളിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം വെള്ളം നിലവിലുണ്ട്. മാനം തെളിഞ്ഞെങ്കിലും ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയിലെ നിലവിലെ ജലനിരപ്പ് 2344.80 അടിയാണ്. മെയ് 24ന് കാലവര്‍ഷം എത്തിയപ്പോള്‍ 2329.88 അടിയായിരുന്നു ജലനിരപ്പ്.
ആകെ സംഭരണ ശേഷിയുടെ 30 ശതമാനം മാത്രം. മുന്‍ വര്‍ഷത്തേക്കാള്‍ അണക്കെട്ടില്‍ മൂന്നര അടി വെള്ളം കുറവുമായിരുന്നു. എന്നാല്‍, വേനല്‍മഴയ്ക്ക് പിന്നാലെ കാലവര്‍ഷവും എത്തിയതോടെ ജലനിരപ്പ് വേഗത്തില്‍ വര്‍ധിച്ചു. ഒരാഴ്ചയോളം പെയ്ത കനത്ത മഴയില്‍ 15 അടിയോളം വെള്ളമാണ് ഇടുക്കിയില്‍ ഉയര്‍ന്നത്. നിലവില്‍ സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം ഇടുക്കിയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ 11 അടിയിലധികം കൂടുതലാണിത്. കാലവര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ജലസമൃദ്ധമായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍ പെരിയാര്‍, മലങ്കര അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യവും ഉണ്ടായി. ഇടുക്കിയുടെ ഡൈവേര്ഷന് ഡാമുകളായ ഇരട്ടയാറിലും കല്ലാറിലും വരെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നിരുന്നു. മെയ് മാസത്തില്‍ മൂലമറ്റം പവര്‍ഹൗസിലെ പ്രതിദിന ഉത്പാദനം 10.32 ദശലക്ഷം യൂണിറ്റായി കൂട്ടിയിരുന്നു.
ചെറുകിട അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തു നില്ക്കുന്നതിനാല്, അവിടങ്ങളിലെ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ച് മൂലമറ്റത്തെ ഉത്പാദനം നിലവില്‍ ഏഴ് ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. കാലവര്‍ഷ സമയത്ത് സാധാരണ പെയ്യാറുള്ളത് 37 മില്ലിമീറ്റര്‍ മാത്രമെങ്കില്‍ ഈ സീസണിലെ ആദ്യ ദിനങ്ങളില്‍ ജില്ലയില്‍ 505 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. അതായത് സാധാരണയേക്കാള്‍ 13.51 ശതമാനം കൂടുതല്‍ മഴ ഈ ദിവസങ്ങളില്‍ ലഭിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പും ഒരാഴ്ച കൊണ്ട് 19 അടിയോളം ഉയര്‍ന്ന് 130 അടിയ്ക്ക് മുകളില്‍ എത്തി. മുല്ലപ്പെരിയാറില്‍ നിന്നും കാര്‍ഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടു പോകാനും ആരംഭിച്ചിട്ടുണ്ട്.
0 Comments