മലപ്പുറം: നിലമ്പൂർ വനത്തിൽ സ്വർണഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വനംവകുപ്പ്. സംഭവത്തിൽ പിടിയിലായ ഏഴ് സമീപവാസികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. നിലമ്പൂരിലെ ആയിരംവല്ലി വനമേഖലയിൽ മോട്ടോറും ജനറേറ്ററും ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചായിരുന്നു ഇവർ മണൽ ശേഖരിച്ചിരുന്നത്.
നിലമ്പൂർ വനമേഖലയിൽ സ്വർണത്തിന്റെ അംശമുണ്ടെന്ന് നേരത്തെ മനസിലായതാണ്. ആദ്യകാലങ്ങളിൽ സമീപവാസികൾ ഇവിടെ നിന്ന് നിത്യവൃത്തിക്കായി മണൽ ഖനനം ചെയ്ത് സ്വർണം ശേഖരിക്കുമായിരുന്നു. പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ നിന്ന് മണൽ കൊണ്ടുപോകുന്നത് സജീവമാകുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പ് കർശന നടപടി സ്വീകരിച്ചത്. അതിനുശേഷം നിലമ്പൂർ മേഖലയിൽ ഇത്തരത്തിലുള്ള സ്വർണഖനനങ്ങൾ കർശനമായി നിരോധിച്ചിരുന്നു. ജുവലറി ഉടമകളുടെ നിർദ്ദേശാനുസരണമാണോ ഇവർ മണൽ ശേഖരിക്കാനെത്തുന്നതെന്ന കാര്യത്തിലും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

0 Comments