'ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യുഎസ് കപ്പലുകൾ ആക്രമിക്കും'; അമേരിക്കയ്ക്ക് ഭീഷണിയുമായി ഹൂതികൾ

 



ടെഹ്റാൻ: ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികളുടെ ഭീഷണി. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ നീങ്ങുമോയെന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലെത്തിയിട്ടും അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെയില്ല. പിന്നാലെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതി സായുധ സേന രംഗത്തെത്തിയത്.

2023 ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ ഗാസയെ ആക്രമിച്ചതോടെ, ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ഹൂതികൾ ആക്രമിച്ചിരുന്നു. തുടർന്ന് അമേരിക്ക യെമനിൽ ഹൂതികൾക്കെതിരെ ആക്രമണം നടത്തി. പിന്നീട് പരസ്പരം ആക്രമിക്കില്ല എന്ന ധാരണ മെയ് മാസത്തിൽ യുഎസും ഹൂതികളും തമ്മിലുണ്ടായി. ഇരുപക്ഷവും പരസ്പരം ലക്ഷ്യം വയ്ക്കില്ല എന്നതാണ് ധാരണ. എന്നാൽ ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും പങ്കാളിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താക്കീതുമായി ഹൂതികൾ രംഗത്തെത്തിയത്. ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരിയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വീഡിയോ പ്രസ്താവനയാണ് പുറത്തുവന്നത്.

'ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക പങ്കാളിയായാൽ, സായുധ സേന ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും. ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള സയണിസ്റ്റ് - അമേരിക്കൻ നീക്കം തിരിച്ചടി നേരിടും. നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്' എന്നാണ് സന്ദേശം.

Post a Comment

0 Comments