കണ്ണൂർ: സംസ്ഥാനത്ത് ഭീഷണിയായി ലെപ്റ്റോസ്പൈറോസിസ് ഉയരുന്നു. എലിപ്പനി എന്ന് വിളിക്കുന്ന ലെപ്റ്റോസ്പൈറോസിസ് എന്ന രോഗത്തെ തടയാനാകുന്നില്ല. കേരളത്തിൽ ഏറ്റവും മരണകാരിയാകുന്ന പകർച്ചവ്യാധിയായി ഈ ജന്തുജന്യരോഗം തുടരുകയാണ്. ഈ വർഷം 1642 പേർക്ക് രോഗം ബാധിച്ചപ്പോൾ അതിൽ 83 പേർ മരിച്ചു. ദിവസങ്ങൾ നീളുന്ന തീവ്രപരിചരണ ചികിത്സയിലൂടെയാണ് പലർക്കും ജീവൻ തിരിച്ചുകിട്ടുന്നത്. ഇനി മൂന്നുമാസം രോഗികളുടെ എണ്ണം കുതിച്ചുയരും. മഴക്കാലത്താണ് രോഗികൾ കൂടുക. രോഗനിർണയവും ചികിത്സയും വൈകുന്നത് മരണത്തിന്റെ തോത് കൂടാൻ ഇടയാക്കുന്നു.
ആധുനിക ചികിത്സയുടെ ബലത്തിലാണ് മരണനിരക്ക് ആറ് ശതമാനത്തിലെങ്കിലും ഒതുക്കി നിർത്താനാകുന്നത്. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗം പകർത്തുന്നത്. പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും ഫലപ്രദമായ മരുന്നുകളുണ്ട്. മലിനജലവുമായി ബന്ധപ്പെടുന്നവർ രോഗപ്രതിരോധത്തിന് ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തിവരികയാണ്. ഉപകേന്ദ്രങ്ങളിൽ ഉൾപ്പെടെ ഗുളിക ലഭ്യവുമാണ്. എങ്കിലും എല്ലാ വർഷവും ധാരാളമാളുകൾക്ക് രോഗം ബാധിക്കുന്നു.

0 Comments