ഇന്ന് ലോക പരിസ്ഥിതി ദിനം


ഇന്ന് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്.

1974-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ദി ഹ്യൂമൻ എൻവയോൺമെൻ്റ്  ആണ് ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. ഈ സമ്മേളനത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ച ചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്.

കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വർഷവും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വനസംരക്ഷണം, സമുദ്ര മലിനീകരണം, ആഗോള താപനം, സുസ്ഥിര ഉപഭോഗം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഈ ദിനത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. മരങ്ങൾ നടുക, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, പരിസ്ഥിതി സെമിനാറുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽപ്പെടുന്നു. വ്യക്തികൾക്കും സമൂഹങ്ങൾക്കും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ അവരുടേതായ പങ്ക് വഹിക്കാൻ കഴിയുമെന്ന സന്ദേശം നൽകാനും ഈ ദിനം സഹായിക്കുന്നു.

ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ മലിനീകരണം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘ബീറ്റ്‌ പ്ലാസ്റ്റിക്‌ പൊലൂഷന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്‌. ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാകുക എന്നതും പ്രധാന ലക്ഷ്യമാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള വളർന്നുവരുന്ന ശാസ്ത്രീയ തെളിവുകൾ ഈ കാമ്പെയ്ൻ ഉയർത്തിക്കാട്ടുകയും സുസ്ഥിരമായ രീതികൾക്ക് ആക്കം കൂട്ടുകയും ചെയ്യും.

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങളെ ഓർമ്മിപ്പിക്കാനുള്ള ഒരു ദിനം കൂടിയാണ് ലോക പരിസ്ഥിതി ദിനം. വരും തലമുറകൾക്കായി ഒരു മികച്ച ഭാവിക്കായി പ്രകൃതിയോട് ചേർന്ന് ജീവിക്കേണ്ടതിന്റെ ആവശ്യകത ഇത് ഓർമ്മിപ്പിക്കുന്നു.

Post a Comment

0 Comments