ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഹിന്ദിയിലുള്ള സംസാരത്തെ ന്യായീകരിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പോസ്റ്റ്. മറ്റ് ഭാഷയേക്കാൾ ഹിന്ദിയിൽ സംസാരിക്കുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ലോക നേതാക്കളോടെല്ലാം അദ്ദേഹം ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നത്. ജപ്പാൻ, ചൈനീസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെല്ലാം അവരുടെ മാതൃഭാഷയിലാണ് മറ്റു ലോക നേതാക്കളോട് സംസാരിക്കുന്നത്. എല്ലാവരും അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മാതൃഭാഷയിൽ സംസാരിച്ചാൽ എന്താണ് പ്രശ്നമെന്നും തരൂർ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നുമെന്നും അത്തരമൊരു കാലം വിദൂരമല്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശം. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ ഈ വിവാദ പ്രസ്താവന. രാജ്യത്തിന്റെ ഭാഷ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണം. ഭാഷാ പരിഷ്കരണം അനിവര്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം വന്നത്.
അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്നും അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് അമിത് ഷായുടെ പരാമർശമെന്നുമായിരുന്നു വിമർശനം. ‘ഇംഗ്ലീഷ് ഒരു ഡാമല്ല. പക്ഷെ ഒരു പാലമാണ്. ഇംഗ്ലീഷ് മോശപ്പെട്ടതല്ല. പക്ഷെ ശക്തിയാണ്. ഇംഗ്ലീഷ് ചങ്ങലയല്ല. ചങ്ങലകളെ തകര്‍ക്കാനുള്ള ആയുധമാണ്. ഇന്ത്യയിലെ ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ല. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇത്. മുന്നോട്ട് പോവുക. തുല്യരാകുക’ എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലെ നിലാപാട് അടക്കം താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുന്നതിന് പിന്നാലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കാണാൻ ശശി തരൂർ സമയം തേടിയിട്ടുണ്ട്. കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ റഷ്യയിലേയ്ക്ക് പോയതിനാൽ തിരിച്ചെത്തിയ ശേഷമായിരിക്കും തരൂർ-കോൺഗ്രസ് കൂടിക്കാഴ്ച നടക്കുക എന്നാണ് സൂചന. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം. തരൂരിന്റെ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ല എന്നും പാർട്ടി വിലയിരുത്തിയിരുന്നു. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

0 Comments