ഞങ്ങളെങ്ങോട്ട് പോകും'; മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ടായിട്ടും പാടികളിലുള്ളവർ പുനരധിവാസ പട്ടികക്ക് പുറത്ത്

 



വയനാട്: വയനാട് ദുരിതബാധിത മേഖലയിലെ പാടികളിൽ താമസിച്ചിരുന്ന പലരും ഇപ്പോഴും പുനരധിവാസ പട്ടികയ്ക്ക് പുറത്താണ്. ദുരന്തബാധിതർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും തുടർന്നുള്ള ജീവിതം ദുരിതത്തിലാകുമെന്ന ആശങ്കയിലാണ് ഇവർ. കേവലം സാങ്കേതികത്വത്തിന്റെ പേരിലാണ് പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്താത് എന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ ഒരു വർഷത്തോളമായി പലയിടങ്ങളിലായി വാടക വീടുകളിൽ കഴിയുകയാണ് ദുരന്തബാധിത മേഖലയിലെ പാടികളിൽ ജീവിച്ചിരുന്ന കുടുംബങ്ങൾ. തോട്ടം തൊഴിലും മറ്റും ആശ്രയിച്ചായിരുന്നു ദുരന്തത്തിന് മുമ്പ് ഇവരുടെ ജീവിതം. ഉരുൾ പൊട്ടിയൊലിച്ചെത്തിയ രാത്രിയിൽ ജീവനും കയ്യിൽ പിടിച്ച് ഓടിയതാണ്. നിലവിൽ വാടക അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ദുരന്തബാധിത പട്ടികക്ക് പുറത്താണ് ഇവർ.

ദുരന്തബാധിതർക്കുള്ള പുനരധിവാസം പൂർത്തിയാകുന്നതോടെ വീട്ടുവാടക ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ നിലക്കുമെന്ന ആശങ്കയിലാണ് ഇവർ. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കയറാത്ത ഓഫീസുകളില്ല, റവന്യു മന്ത്രിയെ നേരിൽ കണ്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. കേവല സാങ്കേതികത്വത്തിന്റെ പേരിൽ ഇവരെ അവഗണിക്കരുതെന്നാണ് ദുരന്തത്തിന് ഒരാണ്ട് ആകുമ്പോഴും ഉയരുന്ന ആവശ്യം.

Post a Comment

0 Comments