കണ്ണൂർ:സംസ്ഥാന സർക്കാറിന്റെ നിർദേശമനുസരിച്ച് സ്‌കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, പൊതുമരാമത്ത് വകുപ്പുകളുമായി ചേർന്ന് ജില്ലയിലെ സ്‌കൂളുകളിൽ സംയുക്ത സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയിലെ സ്‌കൂളുകളിൽ സുരക്ഷാ പരിശോധനകൾ ആരംഭിച്ചതായി ഡിഡിഇ ഡി ഷൈനി അറിയിച്ചു. സ്‌കൂളുകളിൽ പരിശോധന നടത്തുന്ന ദിവസം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിദ്യാഭ്യാസ ഓഫീസർമാർ അറിയിപ്പ് നൽകും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിദ്യാഭ്യാസ ഓഫീസർമാരുമായി ചേർന്ന് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്നും ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഡിഡിഇക്ക് നിർദ്ദേശം നൽകി. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.
കൊല്ലം ജില്ലയിലെ തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തിൽ സ്‌കൂളുകളിലെ സുരക്ഷാ പരിശോധന കർശനമാക്കുന്നതിനും സുരക്ഷാക്രമീകരണം ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തുന്നതിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്തത്.
0 Comments