ടെന്‍സിയ സിബി അയര്‍ലന്‍ഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും അംഗീകാരം നല്‍കി, വീണ്ടും പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍. ഡബ്ലിനില്‍ നിന്നുള്ള കണ്ണൂര്‍ ചെമ്പേരി സ്വദേശി അഡ്വ .സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി -ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’ കല്ലഗന്‍ TD, ടെന്‍സിയ സിബിക്ക് കൈമാറി.
കൗണ്ടി ഡബ്ലിനും അനുബന്ധ കൗണ്ടികളായ വിക്‌ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെന്‍സിയ സിബിക്ക് നല്‍കിയിരിക്കുന്നത്. പീസ് കമ്മീഷണര്‍ എന്നത് ഒരു ഹോണററി നിയമനം ആണ്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകല്‍ സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തില്‍ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കില്‍ മറ്റ് വിധത്തില്‍ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്കുന്നത്.
0 Comments