വന്ദേ ഭാരതിൽ ഇനി യാത്രക്ക് 15 മിനുറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

 





ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നു. ഇനി ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തത്സമയം ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഈ പുതിയ മാറ്റം പെട്ടെന്നുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയോജനകരമാകും.

ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഈ പുതിയ സൗകര്യം പ്രാബല്യത്തിൽ വരുന്നത്. ഈ സൗകര്യം രാജ്യത്തെ എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ലഭ്യമാകും. ഇതിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ഉൾപ്പെടും, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (ട്രെയിൻ നമ്പർ: 20631), തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ (ട്രെയിൻ നമ്പർ: 20632). അതോടൊപ്പം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വന്ദേ ഭാരത് ട്രെയിനുകൾക്കും ഈ സൗകര്യം ലഭ്യമാണ്.

ഈ പുതിയ നയം യാത്രക്കാർക്ക് അവസാന നിമിഷം ടിക്കറ്റ് ലഭ്യതയെക്കുറിച്ച് വേവലാതിപ്പെടാതെ എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള അവസരം നൽകുന്നു. സാധാരണ ബുക്കിംഗ് സമയം അവസാനിച്ച ശേഷം, ലഭ്യമായ ഒഴിവുള്ള സീറ്റുകൾ കറന്റ് ബുക്കിംഗിലൂടെ യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ബുക്ക് ചെയ്യാൻ സാധിക്കും.

Post a Comment

0 Comments