വെള്ളത്തിൽ മുങ്ങി യുപിയിലെ 17 ജില്ലകൾ, മധ്യപ്രദേശിനെയും ഹിമാചലിനെയും ഉത്തരാഖണ്ഡിനെയും വലച്ച് മഴക്കെടുതി

 



ലഖ്നൌ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഉത്തർപ്രദേശിൽ 17 ജില്ലകളിലായി 402 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 12 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. വിവിധ ജില്ലകളിലായി 85000 പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ.

മധ്യപ്രദേശിലും മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 252 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. സംസ്ഥാനത്ത് 128 വീടുകൾ പൂർണമായും 2300 വീടുകൾ ഭാഗികമായും തകർന്നു. ഹിമാചൽ പ്രദേശിൽ 179 പേരുടെ മരണമാണ് ഇതുവരെ മഴക്കെടുതി മൂലം റിപ്പോർട്ട് ചെയ്തത്. 1400 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതാണ് സർക്കാർ കണക്കുകൾ.

ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അളകനന്ദ നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 9 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴി

ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5, 6 തിയ്യതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ആഗസ്റ്റ് 4 മുതൽ 7 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.


Post a Comment

0 Comments