കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് പഠന സഹായമായി 2.1 കോടി രൂപ. സര്‍ക്കാര്‍ അനുവദിച്ച 2.1 കോടി രൂപയില്‍ 1.60 കോടി രൂപ വയനാട് ജില്ലാ കളക്ടറുടെ പേരില്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തി.
21 കുട്ടികളില്‍ നാല് പേര്‍ക്ക് 18 വയസ് പൂര്‍ത്തിയായി. ബാക്കി 17 കുട്ടികളില്‍ ഒന്‍പത് കുട്ടികള്‍ക്കായാണ് ജില്ലാ കളക്ടറുടെ പേരില്‍ പ്രത്യേക സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍ തുറന്നത്. 17 പേരില്‍ ഒരു കുട്ടി തമിഴ്‌നാട് സ്വദേശിയാണ്. ഈ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ ട്രഷറിയില്‍ സംയുക്ത അക്കൗണ്ട് ആരംഭിക്കുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ പേരില്‍ സ്ഥിര നിക്ഷേപമായി തുക സൂക്ഷിക്കും. ബാക്കിയുള്ള ഏഴ് കുട്ടികളില്‍ എല്ലാവരുടെയും പ്രായം ഏട്ട് വയസില്‍ താഴെയായതിനാല്‍ ഇവര്‍ക്കുള്ള സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടില്ല. ട്രഷറിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്താന്‍ സാങ്കേതിക തടസങ്ങളുള്ളതാണ് കാരണം.
2.1 കോടി രൂപയില്‍ 1.60 കോടി രൂപ കിഴിച്ചുള്ള തുക നിലവില്‍ ട്രഷറിയില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ട്രഷറിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്താനുള്ള സാങ്കേതിക തടസം പരിഹരിക്കുന്ന മുറയ്ക്ക് അക്കൗണ്ട് ആരംഭിച്ച് തുക നിക്ഷേപിക്കും. ട്രഷറിയില്‍ നിക്ഷേപിക്കുന്ന തുകയില്‍ നിന്നും മാസവസാനം 6250 രൂപയാണ് പലിശയായി ലഭിക്കുക. കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയായാല്‍ ട്രഷറിയില്‍ നിന്നും തുക അക്കൗണ്ടുകളിലേക്ക് കൈമാറും.
0 Comments