മീനങ്ങാടി: പൊന്നാടയ്ക്ക് പകരം തെങ്ങിന്‍ തൈകള്‍, തൂമ്പ പിടിച്ചു തഴമ്പിച്ച കൈകളിലേക്ക് പനിനീര്‍ പൂക്കളും നല്‍കി കര്‍ഷകരെ ചേര്‍ത്തുപിടിച്ച് വേറിട്ട മാതൃകയില്‍ മികച്ച കാര്‍ഷിക പഞ്ചായത്തായ മീനങ്ങാടിയിലെ കര്‍ഷക ദിനാഘോഷം. ചിങ്ങം ഒന്നിന് കാര്‍ഷിക മേഖലയിലെ മികച്ച പഞ്ചായത്തിനുള്ള സി അച്യുതമേനോന്‍ പുരസ്‌കാരദാനച്ചടങ്ങു മൂലം മാറ്റിവച്ച കര്‍ഷകദിനാഘോഷ പരിപാടിലാണ് തെരഞ്ഞെടുത്ത ഓരോ കര്‍ഷകര്‍ക്കും അഞ്ചു തെങ്ങിന്‍ തൈകളും പ്രശംസ പത്രവും സ്നാക്‌സ് പാക്ക്, മരുന്ന് സ്‌പ്രെയറും നല്‍കിയത്. ഓരോ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത യുവകര്‍ഷകന്‍, വനിതാ കര്‍ഷക, പട്ടികവര്‍ഗ്ഗ കര്‍ഷകന്‍, 60 വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന കര്‍ഷകന്‍ എന്നിവരെയും പഞ്ചായത്ത് തലത്തില്‍ കുട്ടി കര്‍ഷകന്‍, ജൈവകര്‍ഷകന്‍,നെല്‍ക്കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍ എന്നിങ്ങനെ 80 പേരെയാണ് കര്‍ഷക ദിനത്തില്‍ കിസാന്‍ ജ്യോതി പദ്ധതിയിലൂടെ ആദരിച്ചത്.
തുടർന്ന് ഘോഷയാത്രയും ശാസ്ത്രീയ വളപ്രയോഗം എന്ന വിഷയത്തില്‍ പരിശീലനവും സംഘടിപ്പിച്ചു.മീനങ്ങാടി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കിസാന്‍ ജ്യോതി പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐസി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായിരുന്നു.
0 Comments