ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, 24 മണിക്കൂറിനുള്ളിൽ വീണ്ടും തീരുവ വർധിപ്പിക്കും’: ഭീഷണിയുമായി ട്രംപ്

 



വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിൽ പ്രഖ്യാപിച്ച 25 ശതമാനം തീരുവക്ക് പുറമെ അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് പുതിയ ഭീഷണി. ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ തീരുവ ഏർപ്പെടുത്തിയത്.

ഇന്ത്യയ്‌ക്കെതിരെ തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയിൽനിന്നു വൻതോതിൽ എണ്ണ വാങ്ങുന്ന ഇന്ത്യ, ഇത് ഉയർന്ന ലാഭത്തിന് പൊതുവിപണിയിൽ വിൽക്കുന്നുവെന്ന് ആരോപിച്ചാണ് പുതിയ തീരുവഭീഷണി ഉയർത്തിയത്. എന്നാല്‍ രാജ്യതാൽപര്യം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

അതേസമയം, ഇന്ത്യയ്ക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയ ട്രംപിൻറെ നടപടിയെ വിമർശിച്ച് റഷ്യ രംഗത്തെത്തി. ഒരു രാജ്യത്തിൻറെ വാണിജ്യ ഇടപാടുകളെ ചോദ്യം ചെയ്യാൻ അമേരിക്കയ്ക്ക് അധികാരമില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. തെറ്റായ സമീപനമാണ് ട്രംപിൻറെ ഭാഗത്ത് നിന്നുണ്ടായതെന്നും റഷ്യ കുറ്റപ്പെടുത്തി.

Post a Comment

0 Comments