71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിലാണ് മലയാള സിനിമ. മികച്ച സഹനടനും സഹനടിക്കും ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മലയാളികള്‍ക്ക് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സിനിമയെ സ്നേഹിക്കുന്നേവരും. അക്കൂട്ടത്തിൽ തൃശൂരിലെ സഹോദരന്മാരായ ലവൻ പ്രകാശനും കുശൻ പ്രകാശനും ഇരട്ടിയിലേറെ സന്തോഷത്തിലാണ്. പത്ത് വർഷത്തിനിടയിൽ 550-ഓളം സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ ഇവരുടെ വിഎഫ്എക്സ് കമ്പനി ഡിജിറ്റല്‍ ടര്‍ബോ മീഡിയ (ഡി.ടി.എം)യിൽ വിഎഫ്എക്സ് ചെയ്ത നാല് സിനിമകള്‍ക്ക് ഇക്കുറി ദേശീയ പുരസ്കാരം ലഭിച്ചിരിക്കുകയാണ്.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്) പുരസ്കാരം സ്വന്തമാക്കിയ ‘ഹനുമാന്‍’ (തെലുങ്ക്), മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഉള്ളൊഴുക്ക്’, മികച്ച തമിഴ് ചിത്രമായ ‘പാര്‍ക്കിംഗ്’, മികച്ച ഹിന്ദി ചിത്രമായി ജൂറി തിരഞ്ഞെടുത്ത ‘ഖട്ടൽ: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി’ സിനിമകളുടെ വിഎഫ്എക്സ് ജോലികള്‍ ചെയ്തത് ഇവരുടെ ഡി.ടി.എം വിഎഫ്എക്സ് കമ്പനിയിലായിരുന്നു.
‘ഹനുമാനി’ൽ വിഎഫ്എക്സ് ഒരുക്കിയ നാല് വിഎഫ്എക്സ് കമ്പനികളിൽ ഒരു കമ്പനിയായിരുന്നു ഡി.ടി.എം. ‘ഉള്ളൊഴുക്കി’ൽ വിഎഫ്എക്സ് സൂപ്പർവിഷൻ നിർവ്വഹിച്ചപ്പോള്‍ ‘പാർക്കിങ്ങി’ലും ‘ഖട്ടലി’ലും വിഎഫ്എക്സ് ജോലികള്‍ പൂർണ്ണമായും ചെയ്തിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശികളായ ലവന്‍ പ്രകാശനും കുശന്‍ പ്രകാശനും ലവകുശ എന്ന പേരില്‍ ഇന്ന് ഇന്ത്യൻ സിനിമാലോകത്ത് തന്നെ വി.എഫ്.എക്‌സ്. രംഗത്ത് ശ്രദ്ധേയ വ്യക്തിത്വങ്ങളായി മാറിക്കഴിഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിൽ ഇതിനകം ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ‘പുതിയ നിയമം’ ആണ് ആദ്യമായി വിഎഫ്എക്സ് ഒരുക്കിയ ചിത്രം. കമ്മട്ടിപ്പാടം, എസ്ര, പറവ, ട്രാന്‍സ്, മായാനദി, വരത്തന്‍, 777 ചാർലി, വേട്ടയ്യൻ, ഗുരുവായൂരമ്പലനടയിൽ, കണ്ണൂർ സ്ക്വാഡ്, ഹിറ്റ് 3, കാന്താര 1, കാന്താര 2 തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ടിവർ. പുരസ്കാര നേട്ടം അപ്രതീക്ഷിതമായിരുന്നുവെന്നും തുടർന്നും നല്ല സിനിമകളുടെ ഭാഗമാകാൻ കാത്തിരിക്കുകയാണെന്നും ലവകുശ സഹോദരങ്ങളുടെ വാക്കുകള്‍.
0 Comments