ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഭൂചലനം; റിക്ടെർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

 



ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ്  ഭൂചലനമുണ്ടായത്. പുലർച്ചെ 3.27നും 4.39നുമുണ്ടായ ഭൂചലനത്തിൽ റിക്ടെർ സ്‌കെയിലിൽ 4.0, 3.3 തീവ്രതകൾ രേഖപ്പെടുത്തി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഗുരുതര നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുളു ജില്ലയിൽ ലഗ്ഗാട്ടി പ്രദേശത്ത് മേഘവിസ്‌ഫോടനമുണ്ടായി. ഭൂത് നാഥ് പാലത്തിനടുത്തുള്ള റോഡ് തകർന്നു, ഹനുമാനി ബാഗിലെ പാലം ഒലിച്ചുപോയതായും ശ്മശാനത്തിന് കേടുപാട് സംഭവിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ ടോറുൾ എസ്.രവീഷ് പറഞ്ഞു.

ഹിമാചൽ പ്രദേശിലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം ജൂൺ 20 മുതൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലും 276 പേർ മരിച്ചു. ഇതിൽ 143 പേർ മണ്ണിടിച്ചിലിലും. മേഘവിസ്‌ഫോടനം. മിന്നൽ പ്രളയം തുടങ്ങിയവയിലാണ് മരണങ്ങളുണ്ടായത്. 2,21,000 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 1100ൽ അധികം വീടുകൾ പൂർണമായും നശിച്ചു.

Post a Comment

0 Comments