മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ



 തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു. അർജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.നമ്പംബർ മാസത്തിൽ കേരളത്തിൽ വരുമെന്നാണ് സർക്കാരിനെ അറിയിച്ചത്. അര്‍ജന്‍റീന ടീമിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യത്തെ സ്പോൺസർ മാറിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്പോൺസറോടും നവംബറിൽ വരുമെന്നാണ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ അറിയിച്ചിട്ടുള്ളത്. താന്‍ സ്പെയിനിൽ പോയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്പെയിനിലെ സ്പോർട്സ് കൗൺസിലുമായി ചർച്ചയ്ക്കാണ് പോയതെന്നും മന്ത്രി പറഞ്ഞു

അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത ഇന്നലെയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്‍‍‍റെയും അനുമതി ലഭിച്ചുവെന്നും ദത്ത വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത ഇന്നലെ പറഞ്ഞിരുന്നു

Post a Comment

0 Comments