വോട്ട് കൊള്ള: 'സുരേഷ് ഗോപി മൗനം വെടിയണം, ഒരു കേന്ദ്രമന്ത്രി ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ശരിയല്ല'; ടി.പി രാമകൃഷ്ണൻ

 


തിരുവനന്തപുരം: വോട്ട് കൊള്ളയിൽ സുരേഷ് ഗോപി മൗനം വെടിയണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഒരു കേന്ദ്രമന്ത്രി ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ബിജെപിയും വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. ആരോപണം ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കിൽ പ്രതികരിക്കണം. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ്. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.

വോട്ടർപട്ടിക അട്ടിമറി ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ ഒരു വാക്കുപോലും ഇതുവരെ സുരേഷ് ഗോപി പറഞ്ഞിട്ടില്ല. വിവാദങ്ങൾക്കിടെ തൃശൂരിലെത്തിയ സുരേഷ് ഗോപി, പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങി. എല്ലാത്തിനും നന്ദി എന്ന് മാത്രമായിരുന്നു, മാധ്യമപ്രവർത്തകരോട് പരിഹാസ രൂപേണയുള്ള പ്രതികരണം

തൃശ്ശൂരിലെ വ്യാജ വോട്ട് കൊള്ള, സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബത്തിനും ഉള്ള ഇരട്ട വോട്ടുകൾ, സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് സംബന്ധിച്ച ആരോപണങ്ങൾ, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട് പരാതിയിലെ പൊലീസ് അന്വേഷണം തുടങ്ങി എല്ലാ വിഷയങ്ങളിലും കേന്ദ്രമന്ത്രിക്ക് മൗനമായിരുന്നു.

രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ് ഗോപിയെ വലിയ ആരവത്തോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവർത്തിച്ചു ചോദിച്ചിട്ടും സുരേഷ് ഗോപി ഒന്നും മിണ്ടിയില്ല.

Post a Comment

0 Comments