വയനാട്: വയനാട്ടിലെ അമ്പലവയൽ-ചുള്ളിയോട് പ്രധാന പാതയിലുള്ള ആനപാറ പാലം തകർന്നത് അപകടാവസ്ഥയിൽ തുടരുന്നു. ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന രീതിയിലാണ് നിൽക്കുന്നത്. ഈ ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാതയിലെ പ്രധാന ഭാഗമാണ് അപകടാവസ്ഥയിലായ ഈ പാലം.
പാലത്തിന്റെ അടിഭാഗത്തെ പലയിടത്തും അടർന്ന് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ് ഉള്ളത്. കാലപ്പഴക്കം കാരണം പാലത്തിന് വലിയ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരുസമയം ഒരുവാഹനം മാത്രം കടന്നുപോകാൻ കഴിയുന്ന ഇടുങ്ങിയ പാലത്തിൽ അപകടങ്ങൾ പതിവാണ്.
സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും ഈ പാലം വഴി കടന്നുപോകുന്നുണ്ട്. കൂടാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങളും സ്കൂൾ ബസുകളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് പാലം പുതുക്കിപ്പണിയാൻ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments