തീരുവ ചർച്ചകളിൽ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് പ്രതികരണം. ഓഗസ്റ്റ് അവസാന വാരം
അമേരിക്കൻ സംഘം വ്യാപാര ചർച്ചകൾക്കായി എത്താനായിരുന്നു ധാരണ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിൽ അടുത്തയാഴ്ച യു എ ഇ-യിൽ കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ വെടിനിർത്തലിനായി ട്രംപ് റഷ്യയ്ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷാകോവ് ആണ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചത്. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞ ദിവസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ പ്രഖ്യാപിച്ച 50 % തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. മറ്റു പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മേല്‍ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
0 Comments