കൊല്ലം: കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം തുടങ്ങി. പരാതിക്കാരില്‍ നിന്ന് വിവരം ശേഖരിക്കലാണ് ആദ്യ നടപടി. കൊല്ലം ചവറയിൽ വിവാഹമോചന കേസിന് ഹാജരായ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ പരാതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാര്‍ ആണ് അന്വേഷിക്കുന്നത്. ജില്ലാ ജുഡീഷ്യറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി പരിഗണിക്കും.
ആദ്യഘട്ട നടപടിയായി ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് ജഡ്ജിയെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, ആരോപണ വിധേയനായ ജഡ്ജിയുടെ നിയനത്തിൽ കൊല്ലത്ത് ബാർ അസോസിയേഷനിൽ അമർഷം പുകയുകയാണ്. ഇക്കഴിഞ്ഞ 19നാണ് ചേംബറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. ജില്ലാ ജഡ്ജിക്ക് യുവതി നൽകിയ പരാതി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ ആഗസ്റ്റ് 20ന് സ്ഥലംമാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്
0 Comments