ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സർക്കാർ

 



പാലക്കാട്: ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സർക്കാർ. ഇതിന് പ്രത്യേകമായി ഉത്തരവിറക്കിയിട്ടില്ലെങ്കിലും പദവികളെ ആദരസൂചകമായ വാക്കുകളിലൂടെ അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയിലെ സുജന മര്യാദയാണെന്നും പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പ് വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണെന്നുള്ളപ്പോൾ ചിലരെ മാത്രം ഇങ്ങനെ അഭിസംബോധന ചെയ്യുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടി പാലക്കാടുകാരനായ ബോബൻ മാട്ടുമന്ത നൽകിയ വിവരാവകാശ രേഖയിലാണ് മറുപടി.

കത്തിടപാടുകളിലും നോട്ടീസുകളിലും ശിലാഫലകങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പേരിനു മുന്നിൽ 'ബഹുമാനപ്പെട്ട ' എന്ന വിശേഷണം ഉപയോഗിക്കുന്നതിനെതിരെ നൽകിയ പരാതിയിലാണ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

സർക്കാർ നിലപാട് വ്യക്തമാക്കിയത്. തിരുമനസ്സ്, തിരുവടികൾ, രാജാധിരാജൻ, മഹാരാജൻ തുടങ്ങിയ വിശേഷണ പദങ്ങളായിരുന്നു രാജഭരണകാലത്ത് അഭിസംബോധനാ പദങ്ങളായി ഉപയോഗിച്ചിരുന്നത്. രാജഭരണം നാടുനീങ്ങിയതോടെ ഈ പദങ്ങളും ഇല്ലാതായി. പക്ഷേ ഈ കീഴ് വഴക്കം മാത്രം ഇല്ലാതായില്ല. ജനാധിപത്യത്തിൻ്റെ വിടവിലൂടെ അഭിനവ രാജാക്കന്മാർ പുതിയ വിശേഷണ പദങ്ങളെ തിരുകി കയറ്റി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബഹുമാന്യരും ആരാധ്യരും സമാരാധ്യര്യം ആദരണീയരുമായെന്നും ബോബൻ മാട്ടുമന്ത പറയുന്നു.

ആരൊക്കെയാണ് ബഹുമാനിക്കപ്പെടേണ്ടത്? ഏതൊക്കെയാണ് ബഹുമാനപദങ്ങൾ എന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടോ എന്ന് ചോദ്യം. ബഹുമാനപ്പെട്ട എന്ന വാക്ക് ഉപയോഗിക്കണമെന്നത് സംബന്ധിച്ച് പ്രത്യേകിച്ച് നിഷ്കർഷിച്ചിട്ടില്ലെന്നും പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിന്റെ മറുപടി. ബഹുമാനപ്പെട്ട എന്ന പ്രയോഗം ആദരത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നുവെന്നും അതിനാൽ അത് ഒഴിവാക്കണമെന്നുള്ള ഉത്തരവിറക്കാൻ സാധിക്കില്ലെന്നും പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പ് കൂട്ടിച്ചേർത്തു.


Post a Comment

0 Comments