തിരുവനന്തപുരം: യുവനേതാവിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമായ കാര്യമാണെന്ന് ആര്‍ ബിന്ദു വ്യക്തമാക്കി. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണിതെന്നും ആര്‍ ബിന്ദു പറഞ്ഞു. യുവനേതാവ് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം നടപടിയെടുക്കണം, അദ്ദേഹത്തിന് സ്വയം തെറ്റാണെന്ന് തോന്നാത്ത നിലയില്‍ ധാര്‍മികതയെക്കുറിച്ച് പറയാന്‍ കഴിയില്ലെന്നും ബിന്ദു വ്യക്തമാക്കി. രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹു കെയെഴ്സ് മനോഭാവക്കാരോട് ധാര്‍മികതയെക്കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം എന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുവെന്നുമാണ് യുവമാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.
0 Comments