വോട്ടര്‍ പട്ടിക ക്രമക്കേട്: ആരോപണം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്, ഇന്ന് നോട്ടീസ് നല്‍കും



ദില്ലി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക അട്ടിമറി ആരോപണം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്. ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് നോട്ടീസ് നല്‍കും. രാഹുലിന് പിന്തുണയുമായി ഇന്ത്യാ സഖ്യ യോഗവും രം​ഗത്തുണ്ട്. ഇന്ന് ബംഗളൂരുവില്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധവും നടത്തും.
ബിഹാറിലെ സമഗ്രവോട്ടര്‍പട്ടിക പരിഷ്കരണ വിഷയത്തോടൊപ്പം വോട്ടര്‍ പട്ടിക അട്ടിമറി ആരോപണവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും എംപിമാർ നോട്ടീസ് നൽകുന്നത്. ഇന്നലെ ചേർന്ന ഇന്ത്യ സഖ്യ യോഗം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് യോജിച്ചിരുന്നു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാർച്ചിന് രാഹുല്‍ നേതൃത്വം നൽകും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കും. ആരോപണത്തിനുള്ള തെളിവ് രേഖാമൂലം നൽകാൻ ആവശ്യപ്പെട്ട് കർണ്ണാടകയിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിക്ക് ഇന്നലെ കത്തയച്ചിട്ടുണ്ട്.

Post a Comment

0 Comments