തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിൽ അധ്യാപക-അനധ്യാപക നിയമനത്തിനും സർവീസ് ആനുകൂല്യങ്ങൾ നൽകുന്നതിനും വ്യാപക കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള സ്‌കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചതായും വിജിലൻസ് കണ്ടെത്തി.
ഓപ്പറേഷൻ ' ബ്ലാക്ക് ബോർഡ് ' എന്ന പേരിൽ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഏഴു വീതം റീജനൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെയും അസിസ്റ്റൻറ് ഡയറക്ടർമാരുടെയും ഓഫീസുകളിലുമായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. വ്യാപക ക്രമക്കേടും അഴിമതിയുമാണ് ചില ഓഫീസുകളിൽ കണ്ടെത്തിയത്. നിലവിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിരമിച്ച ജീവനക്കാരാണ് ചുക്കാൻ പിടിക്കുന്നത്.
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചു. ആനുകൂല്യങ്ങൾക്ക് ആനുപാതികമായി കൈക്കൂലി നൽകിയാൽ മാത്രമേ ഉദ്യോഗസ്ഥർ അപേക്ഷകളിൽ തീരുമാനമെടുത്തിരുന്നുള്ളൂ. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥൻ രണ്ടു സ്‌കൂളുകളിലെ ക്ലർക്കുമാരുടെ കൈയിൽനിന്ന് 77500 രൂപ ഗൂഗിൾ പേ വഴി വാങ്ങി. മലപ്പുറം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ സ്ഥലം മാറ്റത്തിനായി എയ്ഡഡ് സ്‌കൂൾ അധ്യാപകനിൽ നിന്ന് 2000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തി നാല്പതിനായിരം രൂപ സംശയാസ്പദമായ രീതിയിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലും അൺ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികളെ തസ്തിക നിലനിർത്താൻ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നതായി രേഖ ഉണ്ടാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ഇതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.

0 Comments