ദില്ലി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങുന്നതിനാൽ കൊച്ചിയിലേക്കുള്ള തടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാന , സമീപ പ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. ഈ പുക പടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.

0 Comments