സത്യപ്രസ്താവന ഒപ്പിട്ട് തരുന്നവർക്ക് വോട്ട്, കിഫയുടെ ക്യാമ്പയിൻ തുടങ്ങി

 



കർഷക അവകാശങ്ങൾ സംരക്ഷിക്കുമെന്ന് രേഖാമൂലം ഒപ്പിട്ടു തരുന്നവർക്ക് വോട്ട് എന്ന് കിഫയുടെ ക്യാമ്പയിൻ കേളകം കൊട്ടിയൂർ പഞ്ചായത്തുകളിൽ തുടങ്ങി. ഇതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഹോർഡിങ്ങുകളും സ്ഥാപിച്ചു. സ്വന്തം കൃഷിയിടത്തിൽ എത്തുന്ന വന്യമൃഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വന്യമൃഗത്തിന് എന്തെങ്കിലും സംഭവിച്ചാൽ, വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള 'സെൽഫ് ഡിഫൻസ് ' പരിരക്ഷ കർഷകന് ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നാണ് സത്യപ്രസ്താവനയിൽ ഉള്ളത്. ഇതുകൂടാതെ പ്രാദേശികമായ ആവശ്യങ്ങളും ഉണ്ട്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ കിഫ പ്രവർത്തകരുടെ വീടുകളിൽ ഇതിന്റെ കോപ്പികൾ സൂക്ഷിക്കുകയും, വരുന്ന സ്ഥാനാർഥികളെ കൊണ്ട് ഒപ്പിട്ടു വാങ്ങുകയും ആണ് ചെയ്യുന്നത്. പല സ്ഥാനാർത്ഥികളും ഈ ആവശ്യങ്ങൾ അംഗീകരിച്ച് ഒപ്പിട്ടു തുടങ്ങി. ജനങ്ങൾ ഇത്തരത്തിൽ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന്റെ മഹത്തായ പ്രക്രിയ ആണെന്നും, കർഷകർ പ്രതികരിക്കാൻ തുടങ്ങിയതിൽ അഭിമാനം ഉണ്ടെന്നും കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു. വിഷയങ്ങളിൽ ആത്മാർത്ഥമായി ഇടപെടുമെന്ന് രേഖാമൂലം ഉറപ്പു തന്നവർ ആരൊക്കെ എന്ന് പ്രസിദ്ധപ്പെടുത്തുമെന്നും, അത്തരം സ്ഥാനാർഥികൾക്ക് മാത്രം വോട്ട് ചെയ്യണമെന്ന് കർഷകർക്ക് അവബോധനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments