ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി; സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്



തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി കന്യാകുമാരിക്ക് സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയോടെ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിന് സമീപം രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് നിലവിൽ കന്യാകുമാരി കടലിന് മുകളിൽ ന്യൂനമർദ്ദമായി മാറിയിരിക്കുന്നത്. ഇത് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം അതിശക്തമായ മഴ ലഭിച്ചിരുന്നു.

വരും ദിവസങ്ങളിലും മഴ തുടരും. വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് എല്ലായിടത്തും മഴ ലഭിക്കുമെങ്കിലും വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്ക്-മധ്യ അറബിക്കടലിൽ വെച്ച് ഈ ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Post a Comment

0 Comments