സംസ്ഥാന വനിതാകമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 63 കേസുകൾ പരിഗണിച്ചു. ഇതിൽ 16 എണ്ണം പരിഹരിച്ചു. ഏഴ് കേസുകൾ പോലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്ന് കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
കുടുംബ വിഷയങ്ങളിലുണ്ടാകുന്ന ആത്മഹത്യ തടയാൻ സാമൂഹ്യ ജാഗ്രത അനിവാര്യമാണെന്ന് അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൗൺസിലിംഗ് ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ട സാഹചര്യമുണ്ട്. വ്യക്തികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്ക് വീട്ടന്തരീക്ഷത്തിൽതന്നെ പരിഹാരം കാണാൻ ഈ സംവിധാനം ഒരു പരിധി വരെ സഹായകരമാകും. മാനസികാരോഗ്യ പരിപാലനത്തിന് ആവശ്യമായ ബോധവത്കരണ പരിപാടികൾ പി എച്ച് സി കളിൽ ശക്തമാക്കണം. കുടുംബത്തിലുണ്ടാകുന്ന ചെറിയ വിഷയങ്ങൾ പോലും സ്ത്രീകളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്തുകളിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തി ആഴത്തിലുള്ള പ്രാദേശിക ഇടപെടലുകൾ നടത്തണം. ഗാർഹിക പീഡനം, കുടുംബ പ്രശ്‌നം, വഴിത്തർക്കം, അൺ എയ്ഡഡ് മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയാണ് പരിഗണിച്ച കേസുകൾ.
അഭിഭാഷകരായ പത്മജ പത്മനാഭൻ, കെ.പി ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു

0 Comments