കണ്ണൂർ:യുദ്ധവും അതിജീവനവും പ്രകൃതിയും സഹ വർത്തിത്വവും സമാധാനവുമെല്ലാം കാണിക്കളുടെ മുന്നിലെത്തിച്ച് സർഗോത്സവം രണ്ടാം ദിനത്തിൽ നാടകങ്ങൾ ജനശ്രദ്ധ നേടി.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ സംസ്ഥാനതല കലാമേളയിൽ 15 നാടകങ്ങളാണ് വേദിയിൽ വേഷപകർച്ചയാൽ കാണിക്കളുടെ കണ്ണുതുറപ്പിച്ചത്.
സ്വാതന്ത്ര്യം ബന്ധനങ്ങളില്ലാത്ത 'പട്ടം' പോലെ
യുദ്ധം, അവകാശ തർക്കങ്ങൾ, സ്വാതന്ത്ര്യം എന്നിവ ബന്ധനങ്ങളില്ലാത്ത പട്ടത്തെ സൂചകമാക്കികൊണ്ട് അവതരിപ്പിച്ച 'പട്ടം' എന്ന നാടകം ഏറെ ജന ശ്രദ്ധയാകർഷിച്ചു.
സഹവർത്തിത്വം, സമാധാനം, സഹോദര്യം എന്നിവയാണ് നാടകത്തിന്റെ കാതൽ.
കുട്ടികളുടെ ചിന്താഗതികളിലൂടെ നൂലുകളാൽ ബന്ധിക്കപെടാത്ത പട്ടം ലോക മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നു.
എം ആർ എസ് ചാലക്കുടിയിലെ വിദ്യാർത്ഥിനികളാണ് നാടകം അവതരിപ്പിച്ചത്.
തിയേറ്റർ ആക്റ്റീവിസ്റ്റുകളായ അരുൺജിത് തമ്പി, കെ.പി സ്നിയ എന്നിവരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
നാടകത്തിലെ പ്രധാന വേഷമായ ഹസീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥിനി സി.കെ കീർത്തന ചാലക്കുടി ഉപജില്ലാ മത്സരത്തിൽ പുരുഷ കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്.
അടിയാളരുടെ കഥ പറഞ്ഞ മാവേലി മൻറം
കൈപ്പാടൻ എന്ന പണിയ യുവാവിനെ എട്ട് രൂപയ്ക്ക് വിറ്റ ചരിത്രം ആസ്പദമാക്കിയ മാവേലി മൻറം എന്ന നാടകം വേറിട്ട അനുഭവം പകർന്നു. സ്വാതന്ത്ര്യവും സ്വന്തമായി ഒരിടവും തേടി പലായനം ചെയ്ത അടിയാളരുടെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം.
ഗോത്രഭാഷ ഉൾപെടുത്തികൊണ്ടുള്ള നാടകം വയനാട് നല്ലൂർ നാട് അംബേദ്കർ സ്കൂളിലെ വിദ്യാർത്ഥികളാണ് അവരിപ്പിച്ചത്.
സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ ജെ ബേബി യുടെ മാവേലി മൻറം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ചത്.
അതിജീവനത്തിന്റെ കഥ പറഞ്ഞ പന്നി എന്ന നാടകവും, മുക്ക് പണ്ടത്തിന്റെ കഥപറഞ്ഞ കാഞ്ചനവും, പ്രകൃതിയോടുള്ള മനുഷ്യന്റെ ചൂഷണം ചർച്ച ചെയ്ത കരിന്തണ്ടൻ ഇങ്ങനെ വേറിട്ട കാഴ്ചകളും അനുഭവങ്ങളുമായി നാടകം അരങ്ങുതകർത്തു.

0 Comments