തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോൺ നത്താലെ റാലി 27ന്‌ നടക്കും


തൃശൂർ : തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോൺ നത്താലെ റാലി 27ന്‌ നടക്കും. വൈകീട്ട് അഞ്ചിനു തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി കോളജിൽ റാലി സമാപിക്കുമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2014ൽ ഏറ്റവും കൂടുതൽ ക്രിസ്‌മസ് പാപ്പന്മാരെ പങ്കെടുപ്പിച്ച് ബോൺ നത്താലെ ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയിരുന്നു.

ഇ‍ൗ വർഷം പതിനയ്യായിരത്തോളം ക്രിസ്‌മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ച് നൃത്തച്ചുവടുകൾ വയ്ക്കും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ചലിക്കുന്ന നാലു പ്ലോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും ഉണ്ടാകും.

ബോൺ നത്താലെയുടെ ഭാഗമായി പത്ത്‌ വീടുകൾ നിർമിച്ചുനൽകും. ഈ ഭവനങ്ങളുടെ താക്കോൽദാനം സമാപന ചടങ്ങിൽ കൈമാറും. വിൻസെൻറ് ഡീപോൾ സംഘടന മൂന്നു ഡയാലിസീസ് മെഷിനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും. ഇടവക ബോൺ നത്താലെകൾ സംഘടിപ്പിക്കും. ഇടവകയിലെ ജാതിമതഭേദമന്യേ തെരഞ്ഞെടുക്കുന്ന പാവപ്പെട്ടവർക്ക് സഹായപദ്ധതികളും നടപ്പാക്കും. 24 നാളെ മുതൽ ജനുവരി അഞ്ചുവരെ ബോൺ നത്താലെ എക്സിബിഷൻ ശക്തൻ നഗറിൽ നടക്കും. ജ്യോതി എൻജിനീയറിംഗ് കോളേജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണ് ചലിക്കുന്ന പ്ലോട്ടുകൾ നിർമിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ - സാംസ്‌കാരിക മതമേലധ്യക്ഷന്മാർ ബോൺ നത്താലെയിൽ പങ്കെടുക്കും.

Post a Comment

0 Comments