കോൺഗ്രസിന് 29.17, സിപിഎമ്മിന് 27.16 ബിജെപിക്ക് 14.76; തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചുള്ള വോട്ട് ശതമാനക്കണക്ക് പുറത്ത്‌

 



തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടി തിരിച്ചുള്ള വേട്ട് ശതമാന കണക്ക് പുറത്ത്. 29.17 ശതമാനം വോട്ടുമായി കോൺഗ്രസാണ് ഒന്നാം സ്ഥാനത്ത്.

സിപിഎമ്മിന് 27.16, ബിജെപിക്ക് 14.76, മുസ് ലിം ലീഗിന് 9.77 ശതമാനം സിപിഐക്ക് 5.58, കേരള കോൺഗ്രസ് മാണി വിഭാഗം 1.62 ശതമാനം വോട്ട് എന്നിങ്ങനെയാണ് കണക്ക്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 0.16, എസ്ഡിപിഐ 0.74, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 0.12, ടി20 പാർട്ടി 0.38, പിഡിപി 0.04, എൻസിപി 0.01 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

മുന്നണി തിരിച്ചുള്ള കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശൂര്‍ വരേയുള്ള ജില്ലകളിൽ കോൺഗ്രസ് ഒന്നാമതാണ്. എട്ട് ജില്ലകളിലും കോൺഗ്രസ് 30 ശതമാനത്തിന് മുകളിൽ വോട്ട് നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രണ്ട് ജില്ലകളിലാണ്(പാലക്കാട്, കണ്ണൂര്‍) സിപിഎമ്മിന് 30 ശതമാനത്തിലേറെ വോട്ട് നേടാനായത്.

20 ശതമാനത്തിലേറെ വോട്ട് ബിജെപിക്ക് നേടാനായത് ആകെ ഒരു ജില്ലയിലാണ്. അത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റ് നേടിയതാണ് ബിജെപിയെ ജില്ലയില്‍ 20 ശതമാനം കടക്കാന്‍ സഹായിച്ചത്.

മുന്നണി തിരിച്ചുള്ള കണക്കിൽ യുഡിഎഫ് മുന്നിലായിരുന്നു. എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതും ആയിരുന്നു.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 17.2 ശതമാനം വോട്ട് ബിജെപിക്ക് ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഈ തദ്ദേശ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ 14.76 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

Post a Comment

0 Comments