അതേസമയം അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇവരുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ കീഴടങ്ങാൻ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. കഴിഞ്ഞദിവസം എസ്.പി.യുടെ നേതൃത്വത്തിൽ ചേർന്ന യോഗം കേസിലെ പുരോഗതി വിലയിരുത്തി. കൊലപാതകം നടന്നതിന് പിന്നാലെ കസ്റ്റഡിയിലെടുത്തവരിൽ മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത ചിലരെ വാളയാർ പോലീസ് വിട്ടയച്ചോ എന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പോലീസ് വിട്ടയച്ചവർ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിൽ പോയത് അന്വേഷണത്തിൽ പോലീസിന് വെല്ലുവിളിയായിട്ടുണ്ട്. വാളയാർ പോലീസിന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തത വരുത്തും.
സംശയിച്ച് കസ്റ്റഡിയിലെടുക്കുന്ന എല്ലാവരും പ്രതികളാകണമെന്നില്ലെന്നും വിവരശേഖരണത്തിന്റെ ഭാഗമായാണ് പലരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു. വാളയാർ പോലീസ് ആദ്യഘട്ടത്തിൽ വിട്ടയച്ചവരിൽ യഥാർത്ഥ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കേസിൽ ഇതുവരെ അഞ്ചു പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്നുപേർ സ്റ്റേഷനിൽ നേരിട്ട് ഹാജരായവരാണെന്നും ബാക്കി രണ്ടുപേരെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ പേരുടെ പങ്ക് വ്യക്തമാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
0 Comments