ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം തകരാറിലായ സംഭവം: നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും

 


ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും.

160 യാത്രക്കാരുമായി പുലര്‍ച്ചെ 1:05 നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്നത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിക്കുകയും വിമാനത്തിന്റെ ഒരു ടയര്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനായി ആവശ്യപ്പെടുകയായിരുന്നു. പൂര്‍ണ്ണ സജ്ജമായ നെടുമമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിനിടയില്‍ രണ്ടാമത്തെ ടയറും പൊട്ടി. ജിദ്ദയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ എന്തോ ഒരു വസ്തു വിമാനത്തിന്റെ ടയറില്‍ തട്ടിയതാണ് ടയര്‍ പൊട്ടാന്‍ കാരണം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

മറ്റൊരു വിമാനം ക്രമീകരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മുഴുവന്‍ യാത്രക്കാരെയും റോഡ് മാര്‍ഗ്ഗം കരിപ്പൂരില്‍ എത്തിക്കും. യാത്രക്കാരുമായി അഞ്ചു ബസ്സുകള്‍ കരിപ്പൂരിലേക്ക് പുറപ്പെട്ടു. വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകള്‍ നടന്നു വരികയാണ്.

Post a Comment

0 Comments