അതിജീവിതയെ ആക്ഷേപിച്ച പ്രതി മാർട്ടിന്റെ വിഡിയോ; പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

 



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സൈറ്റുകളിൽ നിന്നും വിഡിയോ നീക്കം ചെയ്യാനും പൊലീസ് നിർദേശിച്ചു. അപ്‌ലോഡ് ചെയ്തവർ ഡിലീറ്റ് ചെയ്യണം എന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ തൃശൂർ സിറ്റി പൊലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് കേസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസിൽ നൽകിയ പരാതിയിലാണ് മാർട്ടിനെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

മാർട്ടിന്റെ വിഡിയോ പങ്കുവച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ അതിജീവിത ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. മാർട്ടിൻ്റെ വിഡിയോ പങ്കുവച്ചവർക്കെതിരെ സൈബർ നിയമത്തിലെ ഉൾപ്പെടെ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

Post a Comment

0 Comments