ന്യുഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ' അതാണ് സത്യം, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പൂർവ്വികരുടെ മഹത്വത്തെയും ആളുകൾ ആഘോഷിക്കുന്നിടത്തോളം കാലം രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി തുടരും'. - മോഹന് ഭഗവത് പറഞ്ഞു.
ഞായറാഴ്ച കൊൽക്കത്തയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' സൂര്യൻ കിഴക്കുദിക്കുന്നു. ഇത് എന്നു മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനും നമുക്ക് ഭരണഘടനാപരമായ അംഗീകാരം വേണമോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃഭൂമിയായി കാണുന്ന, ഇന്ത്യൻ സംസ്‌കാരത്തെ വിലമതിക്കുന്ന, ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന ഒരൊറ്റയാൾ ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്.'- മോഹൻ ഭഗവത് പറഞ്ഞു.
പാർലമെന്റ് ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന് ഞങ്ങൾ പരിഗണിക്കുന്നില്ല. പാർലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാനും ആ വാക്ക് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചാലോ ഇല്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ ആ വാക്കിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, കാരണം ഞങ്ങൾ ഹിന്ദുക്കളാണ്, ഞങ്ങളുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്. അതാണ് സത്യം. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതി സമ്പ്രദായം ഹിന്ദുത്വയുടെ മുഖമുദ്രയല്ല,' മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
' ഞങ്ങൾ മുസ്‌ലിം വിരുദ്ധരാണെന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, ആർഎസ്എസിന്റെ പ്രവർത്തനം സുതാര്യമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വന്ന് നേരിട്ട് കാണാൻ സാധിക്കും. അങ്ങനെ എന്തെങ്കിലും നിങ്ങൾ കണ്ടാൽ നിങ്ങളുടെ കാഴ്ചപ്പാട് തുടരുക, മറിച്ചാണെങ്കിൽ കാഴ്ചപ്പാട് മാറ്റുക എന്നും മോഹൻ ഭഗവത് പറഞ്ഞു

0 Comments