കണ്ണൂര്‍ രാമന്തളിയിലെ കൂട്ട ആത്മഹത്യ; പിന്നില്‍ കുടുംബപ്രശ്‌നങ്ങളെന്ന് ആരോപണവുമായി ബന്ധുക്കള്‍

 

കണ്ണൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചതിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. കലാധരന്റെ ഭാര്യ കള്ളക്കേസ് നല്‍കി നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വടക്കുമ്പാടം സ്വദേശി കലാധരനും അമ്മ ഉഷയും കലാധരന്റെ രണ്ടു മക്കളുമാണ് മരിച്ചത്.

ഇന്നലെ രാത്രിയോടെയാണ് രാമന്തളി സെന്‍ട്രല്‍ കൊവ്വപ്പുറത്തെ വീട്ടിനകത്ത് നാലു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണിലടക്കം വിളിച്ചിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് കലാധരന്റെ അച്ഛന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. ഭാര്യ അന്നൂര്‍ സ്വദേശി നയന്‍താര കലാധരനും കുടുംബത്തിനുമെതിരെ നിരന്തരം കേസുകള്‍ നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചനക്കേസും നിലവിലുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ നയന്‍താരക്കൊപ്പം വിടാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മനസ് മടുത്താണ് കടുംകൈ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകിട്ട് നാട്ടിലെത്തിക്കുന്ന മൃതദേഹം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രി എട്ടരയോടെ രാമന്തളി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.


Post a Comment

0 Comments