ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു

 



തിരുവനന്തപുരം: ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഡ് ചെയ്തത്. പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായിരുന്നു.

നോര്‍ത്ത് സ്റ്റേഷനിലാണ് ഗർഭിണിയായ യുവതിയുടെ മുഖത്ത് എസ്എച്ച്ഒ അടിച്ചത്. 2024ല്‍ നടന്ന മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ദൃശ്യം പുറത്തുവിട്ടത്.

കുഞ്ഞുങ്ങൾ അലറി കരഞ്ഞിട്ടുപോലും പൊലീസ് ഒരു ദയയും കാണിച്ചില്ലെന്ന് പരാതി നൽകിയ ഷൈമോൾ പറഞ്ഞു.താൻ ഗർഭിണിയാണ് ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞു പറഞ്ഞു , തന്റെ മുഖത്തേക്ക് പൊലീസ് ആഞ്ഞടിച്ചു, ക്രൂരമായി പ്രതികരിച്ചു. കുട്ടികൾ അതിൽ നിന്ന് റിക്കവറാകാൻ രണ്ടാഴ്ചകളെടുത്തു. ജൂൺ മാസത്തിലാണ് സംഭവം നടക്കുന്നത്. ഹോട്ടലിൽ ജോലിചെയ്യുന്ന യുവാക്കളെ പൊലീസ് മർദ്ദിക്കുന്ന വീഡിയോ പകർത്തിയതിനാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ താനും കുട്ടികളും സ്റ്റേഷനിലെത്തി. അവിടെ ഇട്ട് ഭർത്താവിനെ മർദ്ധിക്കുന്നത് കണ്ട് കരഞ്ഞു പറഞ്ഞപ്പോഴാണ് പിടിച്ചു തള്ളിയത്. തങ്ങൾ തെറ്റുകാരല്ലെന്ന് തെളിയിക്കാനായെന്നും ഷൈമോൾ പറഞ്ഞു.

എസ്ഐ യുവതിയുടെ നെഞ്ചില്‍ പിടിച്ച് തളളുകയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതെ സമയം സ്ത്രീയും ഭര്‍ത്താവും ആക്രമിച്ചു എന്നായിരുന്നു പൊലീസ് വാദം. 

സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാന പാലനം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നു. ബെൻ ജോയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു വർഷം നീണ്ട നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി ഉത്തരവിലാണ് സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. പ്രതാപചന്ദ്രനെതിരെ മുൻപും സമാന ആരോപണങ്ങൾ നിലനിന്നിരുന്നു.

Post a Comment

0 Comments