'എല്‍ഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ, തിരുത്തേണ്ട നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാര്‍ തിരുത്തണം': ബിനോയ് വിശ്വം


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ജനവിധിയില്‍ പാഠം ഉള്‍ക്കൊള്ളുമെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. ഇതുവരെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമല്ല. യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്‍ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

'സര്‍ക്കാരിനെതിരായ വികാരം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ജനങ്ങള്‍ക്ക് ഒരുപാട് ഉപകാരം ചെയ്ത സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ളത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ നന്നായി പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരെ ഇവ്വിധമൊരു ജനവിധി ഉണ്ടായെന്ന് പരിശോധിക്കും. ഇടത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാത്രമേ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാവൂ.' അദ്ദേഹം പ്രതികരിച്ചു.

ഫലം പുറത്ത് വന്നതിന് പിന്നാലെ എം.എം മണി നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള പ്രതികരണത്തില്‍ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ജനങ്ങളെ മാനിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

'ജനം തങ്ങള്‍ക്ക് താഴെയാണെന്ന് കരുതരുത്. എല്ലാ പാഠങ്ങളും പഠിക്കും. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ജനങ്ങളെ മാനിക്കണം.' തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്നും ഇടതുപക്ഷ സര്‍ക്കാര്‍ തിരുത്തേണ്ട നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments