തിരുവനന്തപുരം: കോർപ്പറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ലേബർ കോഡെന്ന് മുഖ്യമന്ത്രി. തൊഴിൽ നിയമങ്ങൾ ലഘൂകരിക്കാനെന്ന പേരിൽ ലേബർ കോഡുകൾ കൊണ്ടുവന്ന് തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകൾ എടുത്തുമാറ്റി. ഇന്ത്യൻ തൊഴിൽ മേഖല ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും, അന്തസ്സും, അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും, രാഷ്ട്രീയപരവും, ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ വേദിയായി ലേബർ കോൺക്ലേവിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഉൽപ്പാദന രീതികളിലും വരുന്ന മാറ്റങ്ങൾ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണോ, അതോ ചുരുക്കം ചില കോർപ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണോ? കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണ് കേന്ദ്രസർക്കാർ. അതിനെതിരെ യുക്തിഭദ്രവും ജനാധിപത്യപരവുമായ വിയോജിപ്പുകൾ രേഖപ്പെടുത്തണം. തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകൾ സുസ്ഥിരമല്ലെന്ന ഉറച്ച ബോധ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യ നീതിയിലൂന്നിയ സമ്പദ് വ്യവസ്ഥയായും വികസനത്തെ നിർവചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ നിയമങ്ങളും അവകാശങ്ങളും തളികയിൽ വെച്ച് ആരും നമുക്ക് നീട്ടിത്തന്നതല്ല, ചോരയും നീരും നൽകി, പൊരുതി നേടിയെടുത്തതാണ്. രാജ്യമാകെ തൊഴിലാളിവർഗം നടത്തിയ ഐതിഹാസിക സമരങ്ങളുടെ ചരിത്രബോധം നമുക്ക് കരുത്തേകേണ്ടതുണ്ട്. എട്ടു മണിക്കൂർ ജോലി, മിനിമം വേതനം, ബോണസ്, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ കൂട്ടായ വിലപേശലിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും നേടിയെടുത്തതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

0 Comments