കേരളത്തിൽ എസ്ഐആ‌‍ർ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ

 



ന്യുഡൽഹി: കേരളത്തിൽ എസ്ഐആ‌‍ർ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ. ബിഎൽഒയുടെ മരണം എസ് ഐ ആറിലെ ജോലി ഭാരം കൊണ്ടല്ലെന്ന്കമ്മീഷൻ കോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സത്യവാങ്മൂലം നൽകി. എസ്ഐആറിനെതിരെ ബംഗാളിൽ ബിഎൽഒമാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

എസ്ഐആറിന് എതിരായ കേരളത്തിന്റെ ഹരജികൾ നാളെ പരിഗണിക്കാൻ ഇരിക്കവേയാണ് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകും. എസ്ഐആർ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നും കമ്മീഷൻ അറിയിച്ചു.അതിനിടെ കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ബിഎൽഒമാരുടെ പ്രതിഷേധം തുടരുകയാണ്. അതിനിടെ യുപിയിൽ ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബിഎൽഒ സർവേഷ് സിംഗിന്റെ വീഡിയോ പുറത്ത് വന്നു. ജോലി സമ്മർദവും തന്റെ നിസ്സഹായതയും സർവേഷ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Post a Comment

0 Comments