കടബാധ്യത കൊണ്ട് പൊറുതിമുട്ടി സ്വന്തം വീടും സ്വത്തുക്കളും വിൽക്കാൻ കൂപ്പണുകൾ അടിച്ചിറക്കി നറുക്കെടുപ്പ് നിശ്ചയിച്ച കേളകം അടക്കത്തോട്ടിലെ കാട്ടുപാലത്ത് ബെന്നിക്കെതിരെ കേളകം പോലീസ് കേസെടുത്തു. ഡിസംബർ 20ന് ആയിരുന്നു കൂപ്പണിന്റെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.എന്നാൽ ലോട്ടറി വകുപ്പിന്റെ പരാതിയെ തുടർന്നാണ് എന്ന് കാരണം പറഞ്ഞ് നറുക്കെടുപ്പിനുള്ള സാമഗ്രികളും കൂപ്പണുകളും കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായാണ് ബെന്നി കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയതെന്നും നറുക്കെടുപ്പ് നടത്തുന്നതെന്നും ആരോപിച്ച് ആണ് ലോട്ടറി വകുപ്പ് കണ്ണൂർ എസ്പിക്ക് നിർദ്ദേശം കൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഒരു വർഷമായി കൂപ്പണുകൾ അച്ചടിച്ച് വിൽപന നടത്തി വരികയായിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരുതടസവും പറഞ്ഞിരുന്നില്ല. 1500 രൂപയാണ് കൂപ്പണിൻ്റെ വില നിശ്ചയിച്ചിരുന്നത്. മേയ് മാസത്തിൽ നറുക്കെടുപ്പ് നടത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ കൂപ്പണുകൾ ആവശ്യത്തിനു വിറ്റു പോകാത്തതിനാൽ പലതവണ നറുക്കെടുപ്പ് മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ഒടുവിൽ പല സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് കൂപ്പൺ വില്പന പൂർത്തിയാക്കിയത്.
കെപിസിസി പ്രസിഡണ്ടും പേരാവൂർ എംഎൽഎയും ആയ സണ്ണി ജോസഫിന്റെ സാന്നിധ്യത്തിൽ ഡിസംബർ 20ന് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുകയായിരുന്നു. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആണ് ലോട്ടറി വകുപ്പിൽ നിന്നും കണ്ണൂർ റൂറൽ എസ്പിക്ക് പരാതി ലഭിച്ചത്. അവിടെ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരമാണ് കേസെടുത്തത് എന്ന് കേളകം പോലീസ് പറയുന്നു. വിദേശത്ത് കച്ചവട സ്ഥാപനം നടത്തിയിരുന്ന ബെന്നി കോവിഡ് കാലത്ത് നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് കട ബാധ്യതകളിൽ പെട്ടത്. ഇതിനിടെ ഭാര്യക്ക് കാൻസർ ബാധിക്കുകയും ചികിത്സയ്ക്കായി വൻ തുക ചെലവ് ചെയ്യേണ്ടതായും വന്നു. ഭാര്യ ഇപ്പോഴും ചികിത്സയിലാണ്.ഇതിനിടയിൽ കടം വർദ്ധിച്ചു വന്നതോടെ വീടും സ്ഥലവും വില്പനയ്ക്കായി ശ്രമിച്ചെങ്കിലും നടക്കാതെ വരികയും ജപ്തി ലേല നടപടികളിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയുമായിരുന്നു. ന്യായവില കിട്ടിയാൽ വിൽക്കാമെന്ന മോഹം പൊലിയുകയും നിലനിൽപ് പ്രതിസന്ധിയിലാകുകയും ചെയുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു.
കൂപ്പൺ വില്പന നടത്തി പണം സ്വരൂപിച്ചെങ്കിലും നറുക്കെടുപ്പ് മുടങ്ങിയതോടെ വിഷയം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീളുകയാണ്. കടബാധ്യതകളിൽപ്പെട്ട നിരവധി പേർ ബെന്നിയുടെ മാതൃകയിൽ കൂപ്പണുകൾ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തു വരികയാണ്. അവർക്കെല്ലാം ലോട്ടറി വകുപ്പിന്റെ ഈ നടപടി വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മലയോര കർഷകമേഖലയിൽ നൂറുകണക്കിന് കർഷകരും ചെറുകിട വ്യാപാരികളും പ്രവാസികളുമാണ് ബെന്നിയെ പോലെ നട്ടം തിരിയുന്നത്. ഇവരെ രക്ഷപ്പെടുത്താൻ വഴികൾ ഒന്നുമില്ല എന്ന് മാത്രമല്ല ബാങ്ക് നിയമങ്ങൾ കാരണം ഇവിടെ വസ്തുവകകൾ ന്യായവിലയ്ക്ക് വിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ട്. ലഭിക്കുന്ന പരമാവധി വിലയ്ക്ക് ഉള്ളത് വിറ്റ് പെറുക്കി കടബാധ്യതയും തീർത്ത് ചെറിയൊരു വീടും ചെറിയൊരു ജോലിയുമായി ജീവിക്കാം എന്ന് വച്ചാൽ അതിന് പോലും കഴിയാത്ത അവസ്ഥയാണെന്ന് കട ബാധ്യതയിൽ പെട്ടവർ പറയുന്നു

0 Comments