കൊച്ചി: അന്തരിച്ച പ്രിയസുഹൃത്തും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനിവാസനെ അനുസ്മരിക്കവെ പ്രതികരണം പൂർത്തിയാക്കാനാകെ സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസന്റെ വിയോഗവാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു വൈകാരിക നിമിഷങ്ങൾ.
"പോകും എന്നൊരു തോന്നലുണ്ടായില്ല. ഞാൻ എപ്പോഴും പുള്ളിയെ ചാർജ് ചെയ്യും. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽപോകും. രാവിലെ മുതൽ വൈകിട്ട് വരെ അവിടെ ഇരിക്കും. അപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയും ചിന്തകളുമൊക്കെ വളരെ ഷാർപ്പാണ്. കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു തനിക്ക് മതിയായെന്ന്. അതൊന്നും നോക്കിയിട്ട് കാര്യമില്ല, നമുക്ക് തിരിച്ചുവരാം എന്ന് ഞാൻ പറഞ്ഞു".- ഇത്രയും പറഞ്ഞതോടെ കണ്ണുനിറഞ്ഞ് സത്യൻ അന്തിക്കാട് പ്രതികരണം അവസനാപ്പിച്ചു മടങ്ങുകയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ- സത്യൻ അന്തിക്കാട് സിനിമകൾ. 1986ൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യം ഒരുമിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മോഹൻലാലിന് ആദ്യമായി നേടിക്കൊടുത്തു. മികച്ച കഥക്കുള്ള പുരസ്കാരം സത്യനും ലഭിച്ചു. പൊൻമുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങി ഒരുപാട് മികച്ച സിനിമകൾ പിന്നീട് ഈ കൂട്ടുകെട്ടിൽ പിറന്നു.
ശനി രാവിലെ ഒൻപതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറെക്കാലമായി ചികിത്സയിലായിരുന്നു.

0 Comments