ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിലെത്തിച്ച ചിത്രമാണ് ‘ഫെമിനിച്ചി ഫാത്തിമ’. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്നാണ് നിർമ്മിച്ചത്. താമർ ആണ് ചിത്രം അവതരിപ്പിച്ചത്. മനോഹരമായ ചിത്രമെന്ന അഭിപ്രായം നേടിയ ‘ഫെമിനിച്ചി ഫാത്തിമ’, ചിരിയും ചിന്തയും നിറച്ച്, കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും മികച്ചൊരു സിനിമാനുഭവമാണ് സമ്മാനിച്ചത്. ഇപ്പോൾ ഈ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 12 മുതൽ ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
റിയലിസ്റ്റിക് ശൈലിയിൽ കഥ പറയുന്ന ‘ഫെമിനിച്ചി ഫാത്തിമ’ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങൾക്കും കഥാസന്ദർഭങ്ങൾക്കുമൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇതിലൂടെ സാമൂഹിക പ്രസക്തമായ പല ആശയങ്ങളും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെയാണ് കഥ സരസമായി പോകുന്നത്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ വേഷമിട്ട ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതാരിപ്പിച്ചത്.

0 Comments