തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടികൾ അതിജീവിക്കും, ആവശ്യമായ തിരുത്തലുകൾ വരുത്തും: എം വി ​ഗോവിന്ദൻ




തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുന്നതെന്നും അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അത്തരം തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌. മുമ്പും കേരളത്തിലെ എൽഡിഎഫിന് അത്തരത്തിൽ അതിജീവനം സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നുപോയിരിക്കുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചടികളെ ശരിയായ രീതിയില്‍ പരിശോധിച്ച്‌ മുന്നോട്ടുപോയതുകൊണ്ടാണ്‌ പാര്‍ലമെന്റില്‍ ഒരു സീറ്റ്‌ ലഭിച്ച തെരഞ്ഞെടുപ്പിന്‌ ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 68 സീറ്റ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട്‌ പ്രചരണം നടത്തുന്ന ആളുകള്‍ ഇത്തരമൊരു ചരിത്രം കൂടി ഓര്‍ക്കേണ്ടതുണ്ട്‌.

ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായി രഹസ്യമായും, പരസ്യമായും നീക്കുപോക്കുകള്‍ ഉണ്ടാക്കിക്കൊണ്ടാണ്‌ യുഡിഎഫ്‌ മത്സരിച്ചത്‌. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച്‌ യുഡിഎഫ്‌ വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ കാണാനുണ്ട്‌.

ഉദാഹരണമായി പറവൂര്‍ നഗരസഭയില്‍ മത്സരിച്ച സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായ സേതുമാധവനെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്‌ പരാജയപ്പെടുത്തിയത്‌. ഈ വാര്‍ഡില്‍ യുഡിഎഫിന്‌ 20 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. ഇത്തരത്തില്‍ പരസ്‌പരം സഹായിച്ച നിരവധി സംഭവങ്ങൾ കാണാവുന്നതാണ്‌. മതരാഷ്‌ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുടെ വോട്ടുകളും പ്രചരണങ്ങളും യുഡിഎഫിന്‌ സഹായകമായി. ഇത്തരം പ്രചരണങ്ങള്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട്‌ എന്ന്‌ കാണാവുന്നതാണ്‌. എം വി ​ഗോവിന്ദൻ പറഞ്ഞു.

Post a Comment

0 Comments