മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലേക്കുള്ള തകർന്ന റോഡിന് ബദലായി ഉന്നത നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.ആദ്യഘട്ടമായി റോഡിൻ്റെ ലെവൽസ് സർവേയാണ് നിലവിൽ നടത്തുന്നത്. സർവേയ്ക്കു പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകുന്ന മുറക്ക് നിർമാണപ്രവൃത്തി തുടങ്ങും. ബജറ്റിൽ അനുവദിച്ച രണ്ടു കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. മാനന്തവാടി പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നു തുടങ്ങി പഴശ്ശികുടീരം വരേയുള്ള റോഡും മെഡിക്കൽ കോളേജിന്റെ ഇൻ്റേണൽ റോഡുകളും നവീകരിക്കും. പരമാവധി വീതി വർധിപ്പിച്ച് ബിഎംബിസി നിലവാരത്തിലാണ് ടാറിങ് നടത്തുക. അനുബന്ധമായി നടപ്പാതകളും കൈവരികളും നിർമിക്കും. ആവശ്യമായ തെരുവു വിളക്കുകളും സ്ഥാപിക്കും.
മെഡിക്കൽ കോളേജിലേക്കുള്ള റോഡ് തകർന്നതും അത്യാഹിതവിഭാഗത്തിനു മുന്നിൽ പാകിയ ഇന്റർലോക്ക് അടർന്നതും അത്യാഹിതവുമായി എത്തുന്ന രോഗകൾക്കുൾപ്പെടെ പ്രയാസമുണ്ടാക്കുന്നുണ്ട്. വീൽ ചെയറുകൾ, ട്രോളികൾ എന്നിവ കൊണ്ടുപോകുന്നതും പ്രയാസമാണ്. മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപെടലിനെ തുടർന്നാണ് റോഡുനവീകരണത്തിനു ബജറ്റിൽ സംസ്ഥാന സർക്കാർ തുക വകയിരുത്തിയത്.

0 Comments